കാനഡയിലുള്ള ബന്ധുക്കളെ സന്ദർശിക്കാനെത്തിയ അമേരിക്കൻ സ്വദേശിനിയായ വയോധികയ്ക്ക് അപ്രതീക്ഷിത ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചെലവായത് ഒരു ലക്ഷം ഡോളറിലധികം . അറ്റ്ലാൻ്റ സ്വദേശിയായ ബീഗം ബഷീറൻ (80) ആണ് ലക്ഷങ്ങളുടെ ചികിത്സാ ബാധ്യതയിൽ കുടുങ്ങിയത്. മതിയായ യാത്രാ ഇൻഷുറൻസ് ഇല്ലാതിരുന്നതാണ് കുടുംബത്തിന് ഇത്ര വലിയ സാമ്പത്തിക ആഘാതം വരുത്തിവെച്ചത്.
കഴിഞ്ഞ ഒക്ടോബറിൽ ഒൻ്റാരിയോയിലെ വിറ്റ്ബിയിലുള്ള മക്കളെ സന്ദർശിക്കാനാണ് ബഷീറൻ എത്തിയത്. സന്ദർശനത്തിനിടെ ഇവർക്ക് പെട്ടെന്ന് സ്ട്രോക്ക് ഉണ്ടാവുകയും വാട്ടർലൂ റീജിയണൽ ഹെൽത്ത് നെറ്റ്വർക്കിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നാലാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിലടക്കം ചികിത്സയിൽ കഴിയേണ്ടി വന്നു. കാനഡയിലെ ഉയർന്ന ചികിത്സാ നിരക്കുകൾക്കൊപ്പം ഇൻഷുറൻസ് പരിരക്ഷ ഇല്ലാതിരുന്നതും ബിൽ തുക കുതിച്ചുയരാൻ കാരണമായി.
ആശുപത്രി അധികൃതർ 10 ശതമാനം ഇളവ് നൽകിയെങ്കിലും 1,00,852 ഡോളറാണ് (ഏകദേശം 84 ലക്ഷം രൂപ) കുടുംബം ആകെ അടയ്ക്കേണ്ടി വന്നത്. ഇതിനോടകം 55,000 ഡോളർ സമാഹരിച്ച് അടച്ചുതീർത്ത ബഷീറൻ്റെ മകൻ നവീദ് സഫർ, ബാക്കി തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. ബഷീറൻ സുഖം പ്രാപിച്ച് അമേരിക്കയിലേക്ക് മടങ്ങിയെങ്കിലും, ഈ വൻതുക കുടുംബത്തിന് വലിയൊരു സാമ്പത്തിക ബാധ്യതയായി തുടരുകയാണ്.
വിദേശരാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ കാനഡയിലെത്തുമ്പോൾ നിർബന്ധമായും 'വിസിറ്റർ ടു കാനഡ' ഇൻഷുറൻസ് എടുക്കണമെന്ന് ഈ സംഭവം മുൻനിർത്തി ഇൻഷുറൻസ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചെറിയൊരു തുക ഇൻഷുറൻസിനായി മാറ്റിവെക്കാത്തത് ഇത്തരം അടിയന്തര ഘട്ടങ്ങളിൽ വലിയ കടക്കെണിയിലേക്ക് നയിക്കുമെന്ന് ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.